കൊച്ചി: പാക്കിസ്ഥാൻ പൗരത്വമുള്ള ഭാര്യക്ക് ഇന്ത്യയിലേക്ക് വരാനുള്ള വീസ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മലയാളിയായ വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാക്കിസ്ഥാൻ പൗരയായ ഭാര്യ ഖദീജ ജബീനും നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്.
ഉനൈസിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരുന്നതിന് വീസയ്ക്ക് അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓന്ലൈന് പോര്‍ട്ടലില്‍ സൗകര്യം ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്നു നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് 2025 ഏപ്രില്‍ 25 മുതല്‍ പാക്കിസ്ഥാൻ പൗരന്മാര്ക്ക് വീസ സേവനങ്ങള്‍ അനുവദിക്കുന്നത് മരവിപ്പിച്ചിരിക്കുകയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.
ഇന്ത്യക്കാരനെ വിവാഹം കഴിച്ചത് കൊണ്ട് നിയമപരമല്ലാത്ത അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ദുബായിയില്‍ 2025 ജൂണ്‍ ഒന്നിന് വിവാഹിതരായി ഹര്‍ജിക്കാര്‍ അവിടെ തന്നെയാണ് താമസം. രാജ്യ സുരക്ഷയും വിദേശനയവും മുന്‍നിര്‍ത്തി വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് പരമാധികാരമുണ്ടെന്നും പഹല്‍ഗാം സംഭവത്തിന് ശേഷം പാക് പൗരന്മാര്ക്ക് വീസ സൗകര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.